ചെന്നൈ: ഒരിടവേളയ്ക്കുശേഷം അണ്ണാ ഡി.എം.കെ.യില്‍ പിടിമുറുക്കാനായി ശശികല പക്ഷം കരുക്കള്‍ നീക്കിത്തുടങ്ങി. സംസ്ഥാന മുഖ്യമന്ത്രി പളനിസാമിക്ക് ഒപ്പമുള്ള നേതാക്കളെ ഒന്നടങ്കം ഒഴിവാക്കി പുതിയ പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചാണ് പാര്‍ട്ടി പിടിച്ചടക്കാനുള്ള നീക്കം ശശികല പക്ഷം പുനരാരംഭിച്ചത്. അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി.ദിനകരന് സ്വന്തം അനുയായികള്‍ക്കായി 44 പുതിയ പദവികള്‍ സൃഷ്ടിച്ച് പളനിസാമി പക്ഷത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു.
പളിനസാമി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട സെന്തില്‍ ബാലാജിയെ പാര്‍ട്ടിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാക്കി നിയമിച്ചു. കൂടാതെ പാര്‍ട്ടിക്കുള്ളില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 14 മുതല്‍ സംസ്ഥാന പര്യടനവും ദിനകരന് സംഘടിപ്പിക്കുന്നുണ്ട്.
പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞു നില്ക്കുന്ന വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 17ന് മുന്‍പ് ഒരു സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാമെന്നും ദിനകരന് വ്യക്തമാക്കി. എന്തായാലും പാര്‍ട്ടിക്കുള്ളിലെ അധികാര തര്‍ക്കങ്ങള്‍ ഒരിക്കല്‍കൂടി പുറത്തു വന്നതോടെ എടപ്പാടി സര്‍ക്കാരിന്റെ നിലനില്പും പ്രതിസന്ധിയിലാണെന്നാണ് സൂചന.