തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അനുവദിച്ച രാജ്യാന്തര ട്വന്റി 20 മത്സരം നവംബര്‍ ഏഴിന് നടക്കും. ശ്രീലങ്കയുടെ ഇന്ത്യ പര്യടനത്തിലെ ഒരു ട്വന്റി 20 മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അനുവദിച്ചിരുന്നത്. ഇത് ഡിസംബര്‍ 20ാം തീയതി നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
വരുന്ന ഹോംസീസണില് 23 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത് . ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നി രാജ്യങ്ങളുമായി നടക്കുന്ന പരമ്പരകളില്‍ മൂന്ന് ടെസ്റ്റുകള്‍, 11 ഏകദിനങ്ങള്‍, ഒന്‍പത് ട്വന്റി 20 കള്‍ എന്നിവയാണുള്ളത്.
2016 സെപ്തംബറിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന് കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് ഇവിടെ അന്താരാഷ്ട്ര മത്സരം നടത്താനായി ബി.സി.സി.ഐയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ബി.സി.സി.ഐ പിച്ച് അക്രഡിറ്റേഷന് കമ്മിറ്റി ഗ്രീന്‍ഫീല്‍ഡ് സന്ദര്‍ശിച്ച് ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്ന് സര്ട്ടിഫിക്കേഷന് നല്‍കിയിരുന്നു.