കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പള്‍സര്‍ സുനിയെ നേരത്തെ മുതല്‍ അറിയാമെന്ന് അപ്പുണ്ണി അന്വേഷണ സംഘത്തിന് മൊഴി നല്കി. ദിലീപ് നിര്‍ദ്ദേശിച്ച പ്രകാരമാണ് പള്‍സര്‍ സുനിയെ വിളിച്ചതെന്ന് അപ്പുണ്ണി പറഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവം അറിയാത്ത മട്ടില്‍ സംസാരിക്കാന്‍ ദിലീപ് നിര്‍ദേശിച്ചിരുന്നു. സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുണ്ടോ എന്ന് തനിക്കറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു.
സുനില്‍ പറഞ്ഞ കാര്യങ്ങള്‍ ദീലീപിനെ അറിയിച്ചു. സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ല. ഗൂഢാലോചനയെക്കുറിച്ചും അറിയില്ല. സുനി ജയിലില്‍ നിന്ന് അയച്ച കത്തിന്റെ കാര്യം അറിയാം. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്കി.
അപ്പുണ്ണിയുടെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. ഇതിനുശേഷം അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഒളിവിലായിരുന്ന അപ്പുണ്ണി ഇന്നലെയാണ് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.