തൃശൂർ: തൃശ്ശൂർ ചാവക്കാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സറൂഖ് അറസ്റ്റിൽ. കേസിലെ മറ്റ് പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ സറൂഖിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ചാവക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മിഥുൻ, പ്രവർത്തകനായ മുഹമ്മദ് ഷാക്കിർ എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കെ.എസ്.യു ജില്ലാ സെക്രട്ടറി സറൂഖിന്റെ നേതൃത്വത്തിൽ എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമി സംഘത്തിലുണ്ടായിരുന്ന സറൂഖിന്റെ സുഹൃത്തുക്കളായ ഡിവൈഎഫ്ഐ പ്രവർത്തകർ ഒളിവിലാണ്. ചാവക്കാട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ഹനീഫയുടെ ബന്ധുവാണ് കെ.എസ്.യു ജില്ലാ സെക്രട്ടറി സറൂഖ്. എന്നാൽ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സറൂഖിന്റെ ബന്ധുക്കൾ പറയുന്നു.
ഹനീഫ വധക്കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ചാണ് യൂത്ത് കോൺഗ്രസുകാരെ അക്രമിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.