തൃശൂർ: ചാലക്കുടി ഡി സിനിമാസിന്റെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്താൻ റീസർവേ തുടങ്ങി. ജില്ലാ സർവേയറുടെ നേതൃത്വത്തിലാണ് റീ സർവേ. ഡി സിനിമാസിന്റെ പുറകിലുള്ള തോട് കയ്യേറിയെന്നാണ് ആരോപണം.
തിയേറ്റർ സമുച്ചയത്തിന്റെ ഭൂമിയുടെ അതേ സർവേ നമ്പറിലുള്ള മറ്റു ഭൂമികളും അളക്കുന്നുണ്ട്. പതിനാറ് റവന്യൂ ജീവനക്കാരുടെ നേതൃത്വത്തിലാണ് ഭൂമി അളക്കൽ തുടരുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ദിലീപ് അടക്കം ഏഴുപേർക്ക് തൃശൂർ ജില്ലാ സർവ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു.
രാവിലെ പതിനൊന്നു മണിയോടെയാണ് സർവേ നടപടികൾ ആരംഭിച്ചത്.
അതേസമയം ഇപ്പോൾ നടക്കുന്ന സർവെയിൽ വിശ്വാസമില്ലെന്ന് പരാതിക്കാർ പറഞ്ഞു. സർവേ ഡയറക്ടറുടെയും ജില്ലാ കളക്ടറുടെയും സാന്നിദ്ധ്യത്തിൽ റീ സർവേ നടത്തണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
ക്ഷേത്രഭൂമിയും തോടുo കയ്യേറിയാണ് തിയേറ്റർ നിർമ്മിച്ചതെന്നാണ് പരാതി.