തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കൊട്ടാരവും സ്ഥലവും രവി പിള്ള ഗ്രൂപ്പിനാണ് വിട്ടുകൊടുത്തത്.
ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരമാണ് കൊട്ടാരം ആര്.പി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. ജൂണ്‍ 21ലെ മന്ത്രിസഭായോഗത്തില്‍ കൊട്ടാരം കൈമാറുന്നതിനെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് എതിര്‍ത്തിരുന്നു.
എന്നാല്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനടക്കം മറ്റ് മൂന്ന് സി.പി.ഐ മന്ത്രിമാരും ആയുര്‍വേദ ചികിത്സയ്ക്കായി അവധിയിലായതിനാല്‍, രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയില്‍ നിന്നും മന്ത്രി തിലോത്തമന് മാത്രമാണ് പങ്കെടുത്തത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന ടൂറിസം വകുപ്പ് ശുപാര്‍ശ വന്നപ്പോള്‍തന്നെ റവന്യു വകുപ്പ് നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിരുന്നു. കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടി സര്‍ക്കാര്‍ സിവില്‍കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.