കൊച്ചി: നടിയെ അക്രമിച്ചകേസില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് പരാതി നല്കിയ സാഹചര്യത്തിലാണ് പൊലീസ് തീരുമാനം. എന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ ആരും വരേണ്ടതില്ലന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.
നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ഗൂഡാലോചനയുണ്ടെന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍സുനി ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്തായതിലെ ഗൂഡാലോചനയും അന്വേഷിക്കണമെന്നുമായിരുന്നു പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കിയത്.
കേസില്‍ ദിലീപിനെ കുടുക്കിയത് സുനി റിമാന്‍ഡില്‍ കഴിഞ്ഞ ജയിലിലെ സൂപ്രണ്ടാണെന്നും ദിലീപുമായി വിവാഹബന്ധം വേര്‍പെടുത്തിയ നടിയും മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിട്ടതിന് ശേഷമാണ് ഗൂഡാലോചന നടന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.
ഈ കാര്യങ്ങള്‍ പിസി ജോര്ജിനോടുതന്നെ ചോദിച്ച് മനസിലാക്കാമെന്ന നിലപാടാണ് പൊലീസിനുള്ളത്.
എന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ ആരും വരേണ്ടെന്നും ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയാറാണെന്നും പിസി ജോര്‍ജ് പറയുന്നു.
അതേ സമയം റിമാന്‍ഡ് കാലാവതി പൂര്‍ത്തിയായ ദിലീപിനെ നാളെ കോടതിയില്‍ ഹാജരാക്കുന്നതിന് സുരക്ഷാഭീഷണിയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടി പൂര്‍ത്തിയാക്കണമെന്നുമുള്ള അന്വേഷണസംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.