ന്യൂഡല്‍ഹി: ബ്രികസ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിംഗിലേക്ക്. ഡോവലിന്റെ സന്ദര്‍ശനം ഡോക്ലാമിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് അയവ് വരുത്തുമെന്നാണ് സൂചന.
ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗമാണ് ജൂലായ് 27,28 തീയതികളില്‍ ചൈനയില്‍ നടക്കുന്നത്. ഡോവലിന്റെ ചൈനാ സന്ദര്‍ശനം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന റിഫോം ഫോറം ഗവേഷകനായ മാ ജിയാലി പറഞ്ഞു.
അതേ സമയം, അതിര്‍ത്തിയിലെ സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവുമെന്ന് ഇന്ത്യ നിലപാട് എടുക്കുമ്പോള്‍, പ്രകോപനപരമായ പ്രസ്താവനകളിലൂടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ചൈനയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അവര്‍ വ്യക്തമാക്കി.