ബാഗ്ലൂര് : ചന്ദ്രനിലേക്ക് സ്വന്തം പേടകം അയക്കാനൊരുങ്ങി ബാഗ്ലൂര് ആസ്ഥാനമായ കമ്പനി. ഇന്‍ഡസ് എന്ന കമ്പനിയാണ് ചന്ദ്രനിലേക്ക് പേടകം അയയ്ക്കാനൊരുങ്ങുന്നത്. നിലവില്‍ കമ്പനി നിര്‍മ്മിച്ച പേടകത്തിന്റെ സാമ്പിള്‍ ഐ.എസ്.ആര്.ഒയുടെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പരിശോധന പൂര്‍ത്തിയായ ശേഷം യഥാര്‍ത്ഥ ബഹിരാകാശ പേടകത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപണ വാഹനത്തില്‍ നിന്നും വേര്‍പെടുന്ന പേടകം ഭൂമിയെ ചുറ്റുകയും അതിനു ശേഷം സ്വയം പ്രവര്‍ത്തിച്ച് ചന്ദ്രനിലെത്തുകയും ചെയ്യും. അഞ്ച് ദിവസം കൊണ്ട് 3.8 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാവും പേടകം ചന്ദ്രനിലെത്തുക. പേടകം ദൗത്യം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ചന്ദ്രനിലേക്ക് പേടകമയക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി ഇത് മാറും.
ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ നാരായണന്റെ നേതൃത്വത്തിലുള്ള കമ്പനിയില്‍ ഐ.എസ്.ആര്.ഒ യില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് പേടകത്തിന്റെ നിര്‍മ്മാണം.
പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നാല്‍ ആദ്യമായി ചന്ദ്രനിലേക്ക് വാഹനം അയക്കുന്ന സ്വകാര്യ കമ്പനിയായിരിക്കും ഇന്‍ഡസ്.