തിരുവനന്തപുരം: മെഡിക്കൽ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ ഉയർന്നു വരുന്ന വാർത്തകൾ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയെ തുടച്ചു നീക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയർന്നപ്പോൾ തന്നെ അതേപ്പറ്റി അന്വേഷിക്കാൻ നടപടി സ്വീകരിച്ചത്. തുടർ നടപടികൾ ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുകയും ചെയ്യും.
എന്നാൽ ഇപ്പോൾ ഇതേപ്പറ്റി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ അതിശയോക്തിപരമാണ്. ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.