ന്യൂദല്‍ഹി: ലാഹോറില്‍ നിന്ന് റോഹന്‍ ഇന്ത്യയിലേക്കുള്ള വണ്ടികയറുമ്പോള്‍ അവന്റെ കുരുന്നു ഹൃദയത്തില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ജീവിതത്തില്‍ ഇനി ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കാനാവുമെന്ന് ഒരുഉറപ്പും ഉണ്ടായിരുന്നില്ല.
എന്നാല്‍ നോയിഡയിലെ ജെപീ ആശുപത്രിയില്‍ നിന്ന് റോഹന്‍ ഇന്നലെ തിരിച്ചു പോകുമ്പോള്‍ അവന്റെ ഹൃദയം സാധാരണ നിലയില്‍ സ്പന്ദിക്കുന്നു. ഒപ്പം അവന്റെ പുഞ്ചിരി കണ്ട് പിതാവ് കന്വാല് സിദ്ദിഖി എന്ന പാക്കിസ്ഥാന്കാരന് ഇന്ത്യയ്ക്കു നന്ദി പറഞ്ഞു.
പാക്കിസ്ഥാനിലെ ഡോക്ടര്‍മാര്‍ റോഹന്റെ ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയപ്പോള്‍ ചികിത്സയ്ക്കായി യുഎഇയിലേക്കു പോകാനാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരാണ് സിദ്ദിഖി ശ്രമിച്ചത്. വിസ കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് കന്വാല് സഹായം അഭ്യര്‍ഥിച്ചു. സുഷമ ഒന്നിലേറെത്തവണ പ്രശ്നത്തില്‍ ഇടപെട്ടു.
തടസങ്ങള്‍ മാറി കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിന് നേരിയതെങ്കിലും പ്രതീക്ഷയോടെ മകനുമായി കന്‍വാലും അനവും നോയിഡയിലെ ആശുപത്രിയില്‍ എത്തി. 14ന് അഞ്ചു മണിക്കൂര്‍ സമയമെടുത്ത ശസ്ത്രക്രിയ നടത്തി. എല്ലാ ആശങ്കകളും അകന്ന് ശസ്ത്രക്രിയ വിജയമായി. റോഹന്‍ ജീവിതത്തിലേക്കു മടങ്ങി വന്നു.
എല്ലാവര്ക്കും നന്ദി പറഞ്ഞ് അവര്‍ കഴിഞ്ഞ ദിവസം ലാഹോറിലേക്കു തിരിച്ചു പോയി. സുഷമ സ്വരാജിന്റെ വലിയ ഹൃദയമാണ് ഇപ്പോള്‍ എന്റെ മകന്റെ ധമനികളിലേക്ക് രക്തം നിറയ്ക്കുന്നത് എന്നാണ് റാഹന്റെ അച്ഛന് കന്വാല് സിദ്ദിഖി പറഞ്ഞത്.
ഇന്ത്യയെ ആക്രമിക്കാന്‍ അതിര്‍ത്തി കടന്ന് ഭീകരരെ അയക്കുന്ന പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടിയാണ് ഈ കുരുന്നിന്റെ ജീവന്.