മലപ്പുറം : മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എം.ടി. വാസുദേവന്‍നായര്‍ ചെയര്‍മാനായ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് തീരുമാനത്തെ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. തുഞ്ചന്‍പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും രംഗത്തെത്തി.
നേരത്തെ നിരവധി സാംസ്കാരിക സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എം.ടി. വാസുദേവന്‍നായര്‍ ചെയര്‍മാനായ ട്രസറ്റ് മുന്‍കയ്യെടുക്കാത്തതാണ് തിരിച്ചടി. തിരുവനന്തപുരം ഐരാണിമുട്ടത്തെ തുഞ്ചന്‍ സ്മാരകത്തിലും നെയ്യാറ്റിന്‍കര തുഞ്ചന്‍ ഗ്രാമത്തിലുമെല്ലാം തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരില്‍ സ്ഥാപിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
മുന്‍പ് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഈ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും അതും വെളിച്ചം കണ്ടില്ല. അതേസമയം വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ തിരൂര്‍ റെയ്ല്‍വെ സ്റ്റേഷന് പരിസരത്ത് പ്രതിമ സ്ഥാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.