ന്യൂഡൽഹി : കർണാടകയ്ക്ക് സംസ്ഥാന പതാക കണ്ടെത്താൻ ഒൻപതംഗ പാനൽ നിയോഗിച്ച സിദ്ധരാമയ്യ സർക്കാരിനെതിരെ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ . രാജ്യത്തിന് ഒറ്റ പതാകയേ ഉള്ളൂവെന്നും സിദ്ധരാമയ്യയോട് ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കശ്മീരിനു പിന്നാലെ കർണാടകയ്ക്കും സ്വന്തമായി പതാക വേണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന സർക്കാർ ഒൻപതംഗ പാനലിനെ നിയോഗിച്ചത് വിവാദമായിരുന്നു . സംസ്ഥാനത്തിന് പതാക പാടില്ലെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശദീകരണം..
നേരത്തെ ബിജെപി സർക്കാരിന്റെ കാലത്ത് ഈ നിർദ്ദേശം തള്ളിയിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നല്ലതായിരിക്കില്ല പ്രത്യേക പതാകയെന്ന് സംസ്ഥാന സർക്കാർ അന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സങ്കുചിത പ്രാദേശിക വാദം ഉയർത്താൻ ഇത് കാരണമാകുമെന്നായിരുന്നു ബിജെപി സർക്കാരിന്റെ നിലപാട്.
2018 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക വികാരം ആളിക്കത്തിക്കാനാണ് സിദ്ധരാമയ്യ സർക്കാർ തയ്യാറെടുക്കുന്നത് . എല്ലാ മേഖലകളിലും പരാജയമായ സർക്കാരിന് പിടിച്ചു നിൽക്കാൻ വഴി തേടുകയാണ് കോൺഗ്രസ് . രാജ്യത്ത് അധികാരമുള്ള ഏക വലിയ സംസ്ഥാനമായ കർണാടകയിൽ എങ്ങനെയും അധികാരം നിലനിർത്താനാണ് കോൺഗ്രസ് ശ്രമം .