പാലക്കാട്: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിൽ ബിജെപി ഏഴു വീടുകൾ നിർമ്മിച്ചു നൽകും. മാതൃകാ ഗ്രാമം പദ്ധതി മുഖേന അഞ്ചു വീടുകളും, സുരേഷ് ഗോപി എംപിയും ബി ജെ പിയുടെ പ്രവാസി വിഭാഗവും ഓരോ വീടുകളുമാണ് നിർമ്മിച്ചു നൽകുക.
ദീൻ ദയാൽ ഉപാധ്യായയുടെ നൂറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി നടപ്പിലാക്കുന്ന മാതൃകാ ഗ്രാമം പദ്ധതി മുഖേനയാണ് ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ വീടുകൾ നിർമ്മിയ്ക്കുന്നത്. കോളനി സന്ദർശിച്ച രാജ്യസഭാംഗം സുരേഷ് ഗോപി, അംബേദ്കർ കോളനിയെ മാതൃകാ ഗ്രാമമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടമായി വാസയോഗ്യമായ വീടുകള്‍ ഇല്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ചു നല്‍കും. ഇതിന് പുറമെ ബിജെപിയുടെ പ്രവാസി വിഭാഗവും സുരേഷ് ഗോപിയും ഓരോ വീടുകളും നിർമ്മിച്ചു നൽകും.
അംബേദ്കർ കോളനിയിൽ ജാതിയുടെ മതിൽക്കെട്ടുകളില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോവണമെന്ന് സുരേഷ് ഗോപി അഭ്യർത്ഥിച്ചു.
കോളനിയിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി വീടുകളുടെ അവസ്ഥ നേരില്‍ കണ്ടും, പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും കോളനിക്കാരുമായി കൂടിക്കാഴ്ച നടത്തി.
ഇപ്പോഴുണ്ടായ പ്രശ്നങ്ങളിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും പ്രശ്നങ്ങൾ പരിഹരിയ്ക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.