തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കെതിരായ നടപടികള്‍ ശക്തമാക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പനിക്ക് ശമനമില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 280 പനിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ ഇത് 241 പേര് മാത്രമാണ്. സ്വകാര്യ ആശുപത്രികളില്‍ മരിച്ചവരുടെ കണക്കില്ലാതെയാണിത്.
അതിനിടെ, ഇന്നലെ 118 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 663 പേരാണ് ഡെങ്കിപ്പനിക്ക് നിരീക്ഷണത്തിലുള്ളത്. എലിപ്പനി അഞ്ച് പേര്‍ക്ക് സ്ഥിരീകിരച്ചപ്പോള് 14 പേര് നിരീക്ഷണത്തിലാണ്. കൂടാതെ മൂന്ന് പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിക്കുകയും നാല് പേര്‍ക്ക് ചിക്കുന്ഗുനിയയാണോ എന്ന സംശയവുമുണ്ട്. 17 പേര്‍ക്കാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം വിവിധ ആശുപത്രികളില്‍ 14,085 പേര് ചികിത്സ തേടി. കഴിഞ്ഞ ആറു മാസത്തിനിടെ, ഡെങ്കിപ്പനി ബാധിച്ച് 83 പേര് മരിച്ചപ്പോള്‍, എച്ച്1എന്‍1 ബാധിച്ച് 64 പേരും എലിപ്പനി ബാധിച്ച് 44 പേരും മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചതാകട്ടെ 50 പേര്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ആറ് മാസത്തിനുള്ളില്‍ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13.5 ലക്ഷം കവിഞ്ഞു.
ഈ മാസം മാത്രം 3.99ലക്ഷം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. അതിനിടെ, പഞ്ചായത്തുകളില്‍ സര്‍വ്വകക്ഷി യോഗം കൂടി പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.