വാഷിങ്ടന്‍ : ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീന് ആഗോള ഭീകരനെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് നിര്‍ണായക തീരുമാനം അമേരിക്ക കൈക്കൊണ്ടത്.
‘കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍ സേനയുടെ ശ്മശാനമാക്കി’ മാറ്റുമെന്നു ഭീഷണി മുഴക്കിയ ഭീകരനാണു സലാഹുദീന്‍. മുഹമ്മദ് യൂസഫ് ഷാ എന്നും പേരുള്ള സെയിദ് സലാഹുദ്ദീന് 2016 സെപ്റ്റംബറില്‍ കശ്മീര്‍പ്രശ്നം പരിഹരിക്കാനുള്ള സമാധാന ഉടമ്പടികള്‍ തള്ളിക്കളയണമെന്നും
കൂടുതല്‍ കശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും ആഹ്വാനം ചെയ്തിരുന്നു.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് സയിദ് സലാഹുദ്ദീനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സലാഹുദ്ദീനുമായി അമേരിക്കക്കാര്‍ക്കുള്ള എല്ലാത്തരം ഇടപാടുകളും നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ നേതാവു കൂടിയാണു സയിദ്. ഭീകരതയുടെ ഏകോപനത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണിത്. കശ്മീരില്‍ ഇന്ത്യയ്ക്കെതിരെ പോരാട്ടം നയിക്കുന്ന പതിനഞ്ചോളം സംഘടനകളാണു കൗണ്‍സിലില്‍ അംഗങ്ങളായിട്ടുള്ളത്.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്ര മോദിയുടെ നയതന്ത്രവിജയമായാണ് അമേരിക്കയുടെ ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.