ശബരിമല: സന്നിധാനത്ത് ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ പുതിയ കൊടിമരം കേടു വരുത്തി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്.
സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു. പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തില്‍ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തത്.