തൃശ്ശൂര്‍ : തൃശ്ശൂര്‍ മതിലകത്തെ കള്ള നോട്ട് കേസ് ബി.ജെപിയുടെ തലയില്‍ ആരും കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്ന് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്. സംഭവം രാജ്യദ്രോഹമായാണ് പാര്‍ട്ടി കാണുന്നത്. സംഭവത്തില്‍ പ്രദേശത്തെ ഡി.വൈ.എഫ് ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതന്വേഷണവും നേരിടാന്‍ പാര്‍ട്ടി സന്നദ്ധമാണ്. കേസിലുള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കെതിരെയും അന്വേഷണം വേണം. ഡി.വൈ.എഫ്.ഐ മതിലകം ബ്ലോക്ക് സെക്രട്ടറി പ്രതികളുമായി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ കേസില്‍ ഡി.വൈ.എഫ്.ഐക്കാരുടെ പങ്കും അന്വേഷിക്കണം.
ആരോപണ വിധേയരെ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്താക്കിയ ബി.ജെ.പി നടപടി മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. ഈ വിഷയത്തില്‍ ബി.ജെ.പിയുടെ തലയില്‍ കയറാന്‍ ശ്രമിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും മുന്‍കാലങ്ങളില്‍ എടുത്ത നിലപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് അണികളുള്ള പാര്‍ട്ടിയിലെ ഓരോരുത്തരെയും ചൂഴ്ന്ന് പരിശോധിക്കാന്‍ സാധിക്കില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല ബി.ജെ.പിയെന്നും അദ്ദേഹം വ്യക്തമാക്കി.