ശബരിമല : ശബരിമലയിലെ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠ ഇന്ന് നടക്കും. അടുത്ത 500 വര്‍ഷം സന്നിധാനത്തെ ക്ഷേത്ര ശരീരത്തിന്റെ ഭാഗമായി ദൈവചൈതന്യത്തിന്റെ പ്രതീകമായി പുതിയ കൊടിമരം മാറും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ സാക്ഷ്യംവഹിക്കും.
അരനൂറ്റാണ്ട് മുന്‍പ് സന്നിധാനത്തെ സ്ഥാപിച്ച കൊടിമരത്തിന്റെ ദൈവചൈതന്യത്തിന് ക്ഷതം സംഭവിച്ചതായുള്ള ദേവപ്രശ്ന വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ കൊടിമരം സ്ഥാപിക്കുന്നത്. കോന്നി ,കല്ലേലി വനത്തില്‍ നിന്ന് മുറിച്ചെടുത്ത തേക്ക് മരം തച്ചുശാസ്ത്ര അളവുകള്‍ പ്രകാരം മുറിച്ച് ആറ് മാസത്തോളം എണ്ണത്തോണിയില്‍ ഇട്ട് പാകപ്പെടുത്തിയ ശേഷം ഭൂമിയില്‍ സ്പര്‍ശിക്കാതെ കഴിഞ്ഞ മാസം 22 ന് സന്നിധാനത്ത് എത്തിച്ചിരുന്നു.
പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള മൂന്നര കോടിരൂപ വഴിപാടായി സമര്‍പ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ്. കൊടിമരം പൊതിയുന്നതിന് 9 കിലോയോളം തങ്കം ഉപയോഗിച്ചിട്ടുണ്ട്. ഗണപതി ഹോമം, ഉഷപൂജ, ധ്വജ പരിഗ്രഹം, മരപാണി എന്നിവക്ക് ശേഷം വാജിവാഹനം കൊടിമരത്തില്‍ പ്രതിഷ്ടിക്കും.
രാവിലെ 11.20 നും 1.40 നും മധ്യേയുള്ള മുഹൂര്‍ത്തതിലാണ് ധ്വജ പ്രതിഷ്ഠയുടെ പ്രധാന ചടങ്ങായ വാജി വാഹന പ്രതിഷ്ഠ നടക്കുക. തുടര്‍ന്ന് 4 ദിവസത്തേ കലശത്തിനു ശേഷം ബുധനാഴ്ച ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറും. ജൂലൈ 6 ന് പന്പയില് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.