ശ്രീനഗര്‍: രാവും പകലുമില്ലാതെ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ തന്നെ മക്കളാണെന്ന് ആരും മറക്കരുതെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
ജമ്മുകശ്മീരിലെ മുസ്ലിം പള്ളിയില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വിഘടനവാദികള്‍ പരസ്യമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഫ്തി.
അതേ സമയം പോലീസ് ഉദ്യോഗസ്ഥനെ വിഘടനവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വന്തം ജീവന് പോലും നോക്കാതെ ജനങ്ങളുടെ ജീവന് കാവല്‍ നില്‍ക്കുന്നവരാണ് കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥര്‍. അത്തരക്കാര്‍ക്കു നേരെ കശ്മീരിലെ ഒരുവിഭാഗം വിഘടനവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
വിഘടനവാദികളുടെ നടപടിയെ നാണംകെട്ട പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി നിങ്ങള്‍ പോലീസിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പും നല്കി. പരിധി വിട്ടാല്‍ അതിന്റെ പരിണതഫലം വളരെ വലുതായിരിക്കുമെന്നും മുഫ്തി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തലസ്ഥാനമായ ശ്രീനഗറിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ഡെപ്യൂട്ടി എസ്.പി. ആയൂബ് പണ്ഡിറ്റാണ് മരിച്ചത്. ഔദ്യോഗിക വേഷത്തിലായിരുന്ന ആയൂബിന്റെ വസ്ത്രങ്ങള്‍ ഉരിയുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പള്ളിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് വിഘടനവാദികള്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത്.
അയൂബിനെ കൊലപ്പെടുത്തിയിട്ടും അരിശം തീരാതെ രോഷാകുലരായ വിഘടനവാദികള്‍, സമീപത്തുള്ള പൊലീസ് പിക്കറ്റുകള്ക്കുകള്ക്കു നേരെയും അക്രമം അഴിച്ചുവിട്ടു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജമ്മു കശ്മീരില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.