ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരതം സമ്മാനിച്ച യോഗയെന്ന മഹദ് സംസ്ക്കാരത്തെ ലോകം അംഗീകരിച്ചതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.
ഭാരത സംസ്ക്കാരത്തിന്റെ മുഖമുദ്രകളിലൊന്നാണ് യോഗ. പലകാലങ്ങളിൽ രൂപം കൊള്ളുകയും പരിശീലിക്കപ്പെടുകയും ചെയ്തുപോന്ന യോഗാസനങ്ങൾ, നിരവധി ഗവേഷകരുടെ അന്വേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വികസിച്ചവയാണ്.
ഓരോ കാലഘട്ടത്തിന്റേയും ആവശ്യങ്ങൾക്കനുസൃതമായി അവ ഇന്നും പുനഃസൃഷ്ടിക്കപ്പടുകയും ചെയ്യുന്നു.
നൈസർഗ്ഗികതയാണ് യോഗാസനങ്ങളുടെ സവിശേഷത. ജാതി-മത-ലിംഗ ഭേദമെന്യേ ആർക്കും സ്വായത്തമാക്കാം. ഓരോ യോഗാസനത്തിനും വ്യായാമത്തിന്റേയും ധ്യാനത്തിന്റേയും കഠിനാധ്വാനത്തിന്റേയും മൂന്ന് തലങ്ങളുണ്ട്.
അവ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ടുള്ള പരിശീലനം ആധുനിക ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നു. ലോകം മുഴുവൻ യോഗയുടെ മഹത്വം അംഗീകരിക്കുന്ന ഈ വേളയിൽ, യോഗയെന്ന ഭാരത സംസ്ക്കാരത്തെ ലോകത്തിനായി സമർപ്പിക്കാനായതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.