മുംബൈ: ദമാമിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവെയ്സ് വിമാനത്തിനുളളിൽ മലയാളി യുവതിക്ക് സുഖപ്രസവം. പ്രസവത്തെ തുടർന്ന് 9ഡബ്ലൂ 569 വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി.
വിമാനയാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയ്ക്ക് ജെറ്റ് എയർവെയ്സ് ജീവനക്കാരും വിമാനത്തിലെ യാത്രക്കാരിയായ നഴ്സും ചേർന്ന് പരിചരണം നൽകുകയായിരുന്നു. തുടർന്ന് യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ഇതേത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനം ഇറക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ലെന്നും യാത്ര തുടരുന്നത് സരക്ഷിതമാവാത്തതിനാലാണ് അവരെ മുംബൈയിൽ ഇറക്കിയതെന്നും അധികൃതർ അറിയിച്ചു.
സാധാരണ വൻവിമാനക്കമ്പനികൾ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ആജീവനാന്ത സൗജന്യയാത്ര അനുവദിക്കാറുണ്ട്.