കൊച്ചി : കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കുന്നത് മാദ്ധ്യമങ്ങളാണെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം . അതിനു നിയോഗിച്ചിരിക്കുന്ന ഏജൻസികളുടെ തീരുമാനം അംഗീകരിച്ചാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും അനാവശ്യ വിവാദങ്ങൾ മാദ്ധ്യമങ്ങൾ ഉണ്ടാക്കരുതെന്നും ശ്രീധരൻ പറഞ്ഞു . തനിക്ക് ഇക്കാര്യത്തിൽ ഒരു കുഴപ്പവും തോന്നുന്നില്ല. ഉദ്ഘാടനത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും താൻ രണ്ടുദിവസം ഇതിനായി കൊച്ചിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ നിരീക്ഷിക്കാനെത്തിയതായിരുന്നു അദ്ദേഹം.
നേരത്തെ മെട്രോ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം വേദിയിലിരിക്കാൻ മുഖ്യമന്ത്രി , ഗവർണർ , നഗരവികസന വകുപ്പ് മന്ത്രി എന്നിവരെ മാത്രം സുരക്ഷ സേന അനുവദിച്ചതിനെതിരെ ചില കേന്ദ്രങ്ങൾ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു . ഇതിന്റെ മുന പൂർണമായും ഒടിച്ചു കൊണ്ടാണ് ശ്രീധരന്റെ മറുപടി .