കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ 11 മണിക്ക് നടക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് സമയക്രമം കെഎംആര്‍എല്ലിനെ അറിയിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോടൊപ്പം കൊച്ചി മെട്രോയില്‍ സഞ്ചരിക്കും.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇന്നലെ വൈകീട്ടാണ് കെഎംആര്‍എല്ലിനെ ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന തീയതി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സമയ ക്രമം സംബന്ധിച്ച് സംശയം നിലനിന്നിരുന്നു. മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് വിശിഷ്ടാതിഥികള്‍ക്കൊപ്പം പ്രധാന മന്ത്രി മെട്രോ ട്രെയിനില്‍ യാത്ര നടത്തും.
പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചുമായിരിക്കും യാത്ര. ഉദ്ഘാടനച്ചടങ്ങിന് മുമ്പായിരിക്കും പ്രധാന മന്ത്രി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുകയെന്നാണ് അറിയുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപമാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുക.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മെട്രോ സ്റ്റേഷനുകളില്‍ ദിവസങ്ങളായി സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
നേരത്തെ എസ്പിജിയുടെ നിര്‍ദേശ പ്രകാരമാണ് കൊച്ചി മെട്രോ ഉദ്ഘാടനം കലൂരില്‍ നടത്താന്‍ തീരുമാനിച്ചത്. 3500 പേര്‍ക്കാണ് ഉദ്ഘാടന വേദിയില്‍ പ്രവേശനം നല്‍കുക.