കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ രാജ്യവിരുദ്ധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാദിക്കുന്ന കമല്‍ തന്റെ ടിപി 51 വെട്ട് എന്ന സിനിമ സിപിഎം നിരോധിച്ചപ്പോള്‍ എവിടെയായിരുന്നുവെന്ന് സംവിധായകന് മൊയ്തു താഴത്ത് ചോദിച്ചു.
ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിച്ചേ തീരുവെന്ന കമലിന്റെ വാശി നല്ലതല്ലെന്ന് സംവിധായകന് അലി അക്ബറും പ്രതികരിച്ചു.
തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് ടിപി 51 വെട്ടിന്റെ സംവിധായകന് മൊയ്തു താഴത്ത് കമലിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സാംസ്കാരിക അടിയന്തിരാവസ്ഥ എന്ന് ഇപ്പോള്‍ വിലപിക്കുന്ന കമല്‍ തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉള്‍പ്പെടെ സിപിഎം തടഞ്ഞപ്പോള്‍ എവിടെയായിരുന്നുവെന്ന് മൊയ്തു താഴത്ത് ചോദിക്കുന്നു.
കേരള സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നാണ് സര്ട്ടിഫിക്കേഷന് പൂര്‍ത്തിയാക്കിയത്. 59 തിയേറ്ററുകള്‍ ലഭിച്ച സിനിമ പക്ഷേ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയേറ്റര്‍ ഉടമകളെയും ചാനലുകളെപ്പോലും സിപിഎം ഭീഷണിയിലൂടെ പിന്തിരിപ്പിച്ചു. ഇപ്പോള്‍ ചുവപ്പന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഉറഞ്ഞ് തുള്ളുന്ന കമല്‍ അന്ന് ആമയെപ്പോലെ കിടന്നുറങ്ങുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം രാജ്യവിരുദ്ധ സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന കമലിന്റെ നിലപാട് ശരിയല്ലെന്ന് സംവിധായകന് അലി അക്ബര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം പൊതുവികാരം കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ദേശവിരുദ്ധ ഉള്ളടക്കം ആരോപിച്ച് ഇന്‍ ദ ഷേഡ്സ് ഓഫ് ചിനാര്‍ എന്ന ചിത്രം ഉള്‍പ്പെടെ മൂന്ന് ഹ്രസ്വ ചിത്രങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.