കൊച്ചി: ടോമിന് ജെ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ഈ നീക്കമെന്ന് ഹൈക്കോടതി ചോദിച്ചു. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും ഹൈക്കോടതി സംശയമുന്നയിച്ചു.
ടിപി സെന്‍കുമാറിനെ വീണ്ടും ഡിജിപിയായി നിയമിക്കുന്നതിന് മുമ്പ് പൊലീസില്‍ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ടോമിന് ജെ തച്ചങ്കരിയുടെ നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്. ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ഇത്തരം നടപടിയെന്ന് കോടതി ചോദിച്ചു.
പൊലീസ് അഡ്മിനിസ്ട്രേഷന് എഡിജിപി എന്ന തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സംശയമുന്നയിച്ചു. ഇതിനു പുറമെ തച്ചങ്കരിക്കെതിരായ വിവിധ കേസുകളുടെ വിശദാശങ്ങളും ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് മേധാവിയെ നിരീക്ഷിക്കുക ലക്ഷ്യം വച്ചാണ് ടോമിന് തച്ചങ്കരിയുടെ നിയമനമെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ പൊലീസിലെ തന്നെ ഏറെ പ്രധാനപ്പെട്ട സ്ഥാനത്ത് നിയമിക്കുന്നത് ശരിയല്ലെന്നും ഹര്ജിയിലുന്നയിക്കുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍. എഎംവിഐ നിയമനവുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം തച്ചങ്കരിക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.