ന്യൂഡൽഹി: കണ്ണൂരിൽ പരസ്യമായി കന്നുകാലിയെ അറുത്ത സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റിഅടക്കം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ.
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
ഇന്നലെ യൂത്ത് കോൺഗ്രസ് കന്നുകാലിയെ അറുത്തസംഭവത്തിനെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കന്നുകാലിയെ അറുത്തവർക്കെതിരെ നടപടിയെടുത്തത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ കൊച്ചുകുട്ടികളുടെ മുന്നില്‍ വച്ച് പരസ്യമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ അറുത്തത്.
കാലിച്ചന്തകളില്‍ അറവുമാട് വില്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ സിറ്റിയില്‍ പരസ്യമായി കന്നുകാലിയെ അറുത്തത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.