ഭാരത സൈന്യത്തെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ സഹായിക്കാൻ ക്യാംപെയ്നുമായി സോഷ്യൽ മീഡിയ. ഭാരത് കെ വീർ എന്ന വെബ്സൈറ്റ് വഴി സൈനികരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനാണ് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്നത്.
രാജ്യത്തിന് വേണ്ടി വീരമൃതു വരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കാൻ വേണ്ടി തുടങ്ങിയ വെബ്സൈറ്റാണ് ഭാരത് കെ വീർ (https://bharatkeveer.gov.in). സൈനികരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ ആഗ്രഹമുള്ളവർക്ക് ഈ വെബ്സൈറ്റ് വഴി പണം അവരിലേക്ക് എത്തിക്കാം. പത്ത് രൂപ മുതൽ സഹായമായി നൽകാം.
കഴിഞ്ഞ ദിവസം കണ്ണൂരിൽ ന്യൂനപക്ഷ സാംസ്കാരിക സമിതി സംഘടിപ്പിച്ച സെമിനാറിലായിരുന്നു കോടിയേരിയുടെ വിവാദ പരാമർശം.
കണ്ണൂരിൽ അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നാലു പേർ കൂടി നിൽക്കുന്നത് കണ്ടാൽ വെടിവെച്ചു കൊല്ലുമെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.
കോടിയേരിയുടെ വിവാദ പ്രസ്താവന പാക് മാദ്ധ്യമങ്ങൾ ഇന്ത്യക്കെതിരെ ആയുധമാക്കി വാർത്ത നൽകുകയും ചെയ്തു.