ന്യൂഡൽഹി: നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റംസാൻവ്രതം അനുഷ്ഠിക്കുന്ന മുസ്ലീം മത വിശ്വാസികൾക്ക് പ്രധാനമന്ത്രി ആദരവ് അർപ്പിച്ചു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
റംസാൻ വ്രതം അനുഷ്ഠിക്കുന്ന മുസ്ലീം മത വിശ്വാസികൾക്ക് ആദരവർപ്പിച്ച പ്രധാനമന്ത്രി എല്ലാ മത വിഭാഗങ്ങളെയും അംഗീകരിക്കുന്ന രാഷ്ട്രമാണ് ഇന്ത്യയെന്നും നാനാത്വത്തിൽ ഏകത്വമാണ് ഭാരത്തിന്റെ ശക്തിയെന്നും പറഞ്ഞു.
സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കർക്ക് ആദരാജ്ഞലി അർപ്പിച്ച പ്രധാനമന്ത്രി സ്വാതന്ത്യ സമര സേനാനികൾ രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചവരാണെന്നും പറഞ്ഞു.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമാണ്, യോഗ ലോക ജനതയെ ഒരുമിപ്പിക്കുന്നവെന്നും, ലോകത്തിന് ഭാരതം നൽകിയ സംഭാവനയാണ് യോഗയെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു.
സ്വച്ഛ് ഭാരതത്തിനായി രാജ്യത്തെ യുവാക്കൾ മുന്നോട്ട് വരണം. മുംബൈയിലെ വെർസോവ ബീച്ച് മാലിന്യമുക്തമാക്കിയ അഫ്റോസ് ഷായ്ക്കും കൂട്ടർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 5 ലോക പരിസ്ഥിതി ദിനമാണെന്നും പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബിജെപി നേതാക്കളായ മനോജ് തീവാരി, റാം ലാൽ തുടങ്ങിയവർ ഡൽഹിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രിയുടെ മൻ കി ബാത് ശ്രവിച്ചു.