കൊച്ചി: സംസ്ഥാനത്ത് മതമൗലികവാദ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങളില്‍ പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ഹൈക്കോടതിക്ക് സംശയം. ചെര്‍പ്പുളശ്ശേരി, വൈക്കം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ സംബന്ധിച്ചാണ് കോടതിയുടെ നിരീക്ഷണം. ഈ വിഷയം സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ആസൂത്രിത മതപരിവര്ത്തനങ്ങളിലെ മതമൗലികവാദ സംഘടനകളുടെ സാന്നിദ്ധ്യം സംബന്ധിച്ച പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കോടതി സംശയം ഉന്നയിച്ചത്. ഈ കേസിലെ ഏഴാം കക്ഷിയും പോപ്പുലര്‍ഫ്രണ്ട് വനിതാ വിഭാഗം സംസ്ഥാന നേതാവുമായ സൈനബയ്ക്ക് നേരത്തെ ചെര്‍പ്പുളശ്ശേരിയില്‍ സമാനമായ രീതിയില്‍ നടന്ന മതപരിവര്‍ത്തനത്തിലും പങ്കുള്ളതായി ഉത്തരവിലെ 78ാമത്തെ പേജില്‍ കോടതി വ്യക്തമാക്കുന്നു.
കോടതി നടപടികളില്‍ നിന്നും രക്ഷപെടാന്‍ ഈ പെണ്‍കുട്ടിക്ക് മുസ്ലിം ചെറുപ്പക്കാരനെ വിവാഹം കഴിക്കാന്‍ ഉപദേശം നല്‍കിയത് ഇവരാണെന്ന് പറയുന്നുണ്ട്. ഇത് കൂടാതെ രണ്ട് കേസിലും സൈനബയ്ക്കായി ഹാജരായത് പി.കെ.ഇബ്രാഹിം എന്ന അഭിഭാഷകനാണ്. മഞ്ചേരി സത്യസരണി എന്ന സ്ഥാപനം രണ്ടിടങ്ങളിലും പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും കോടതി ഉത്തരവിലെ 77, 78 പേജുകളിലായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈ സംഭവങ്ങളിലെ സാമ്യം മനസ്സിലായിട്ടും വൈക്കം കേസ് അന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി കാര്യങ്ങള്‍ ലാഘവത്തോടൊണ് കൈകാര്യം ചെയ്തതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അതേസമയം വൈക്കം, ചെര്‍പ്പുളശ്ശേരി കേസുകളിലെ ബാഹ്യ ഇടപെടലുകള്‍ വ്യക്തമാക്കിയ കോടതി ഡിജിപിയുടെ നേതൃത്വത്തില്‍ തുടരന്വേഷണം ഉണ്ടാകണമെന്ന് ഉത്തരവില്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആകില്ലെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
നേരത്തെ സര്‍ക്കാരും വൈക്കം പെണ്‍കുട്ടിയുടെ മതപരിവര്‍ത്തനം, വിവാഹം എന്നിവ സംബന്ധിച്ച ദുരൂഹതകള്‍ക്ക് ബലം പകരുന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.