കൊച്ചി : മകളെ മതംമാറ്റി ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന കോട്ടയം വൈക്കം സ്വദേശിയുടെ ഹര്‍ജിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ മതംമാറ്റവും, വിവാഹവും ഇരുവീട്ടുകാരുടെയും സാന്നിദ്ധ്യത്തിലാണ് നടന്നതെന്നായിരുന്നു അന്വേഷണോദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. അതേസമയം മതംമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ബാഹ്യശക്തികളെക്കുറിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
വൈക്കം സ്വദേശിയായ പെണ്‍കുട്ടിയെ മതംമാറ്റുന്നതിന് വേദിയൊരുക്കിയ മഞ്ചേരി സത്യസരണിയെപ്പറ്റിയും, കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനുമായി നടന്നുവെന്ന് പറയപ്പെടുന്ന വിവാഹം സംബന്ധിച്ചും ശരിയായ റിപ്പോര്‍ട്ടല്ല പോലീസ് സമര്‍പ്പിച്ചതെന്ന കണ്ടെത്തലാണ് ഹൈക്കോടതിക്കുള്ളത്. നിര്‍ബന്ധിത മതംമാറ്റമായിരുന്നില്ല നടന്നതെന്നും വിവാഹത്തിന് ഇരു വീട്ടുകാരുടെയും സമ്മതം ഉണ്ടെന്നുമായിരുന്നു പെരിന്തല്‍മണ്ണ ഡിവൈഎസ്പി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ഇത് കോടതിയില്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം മകളുടെ തിരോധാനവും മതംമാറ്റവുമായി ബന്ധപ്പെട്ടും പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങളുടെ ഭാഗം കേള്‍ക്കാനോ മൊഴിയെടുക്കാനോ പോലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു. താന്‍ സിറിയയിലേക്ക് പോയേക്കുമെന്ന് മകള്‍ വിളി്ച്ച് പറഞ്ഞതിന്റെ സിഡി നല്‍കിയിട്ടും പോലീസില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ല.