കൊച്ചി: കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ അടച്ചുപൂട്ടി. അടിയന്തര സുരക്ഷാ സംവിധാനങ്ങള്‍ മാളിലൊരുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനാണ് മാളിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ പ്രവര്‍ത്തിച്ചതിനാണ് ഇടപ്പള്ളിയിലെ ഒബ്റോണ്‍ മാളിന് കൊച്ചി കോര്പ്പറേഷന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനെ തുടര്‍ന്ന് മാള്‍ അടച്ചുപൂട്ടി. സംഭവത്തില്‍ നേരത്തെ തന്നെ ഒബ്റോണ്‍ മാളിന് കോര്പ്പറേഷന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതവഗണിച്ചും മാള്‍ പ്രവര്‍ത്തനം തുടര്‍ന്നതിനെ തുടര്‍ന്ന് ഹൈക്കോടതി പ്രശ്നത്തില്‍ ഇടപെട്ടു.
ഇതേ തുടര്‍ന്നാണ് വീണ്ടും ഷോപ്പിങ് മാള്‍ കോര്പ്പറേഷന് ഇടപെട്ട് അടപ്പിച്ചത്. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ കോര്പ്പറേഷന് സെക്രട്ടറി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. മാളുകളില്‍ സുരക്ഷാ പരിശോധന നടത്തണമെന്നും ഹൈക്കോടതി കോര്‍പ്പറേഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത ദിവസം തന്നെ ഫയര്‍ഫോഴ്സ് വിഭാഗം മാളില്‍ വീണ്ടും പരിശോധന നടത്തിയേക്കും.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഒബ്റോണ്‍ മാളിലെ നാലാം നിലയില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ ഷോപ്പിങ് മാളുകളിലും മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.