ന്യൂഡൽഹി: നമസ്തേ പറഞ്ഞ് മോഷണം നടത്തുന്ന നമസ്തേ ഗ്യാങ് എന്നറിയപ്പെടുന്ന കവർച്ചാ സംഘം പിടിയിലായി. നൂറിലേറെ കേസുകളിലെ പ്രതികളായ നാലംഗ സംഘത്തെ ശനിയാഴ്ചയാണ് ഡൽഹി പോലീസ് പിടികൂടിയത്.
ജാവേദ് മാലിക്, വസീം മാലിക്,ഇഖ്റാര് അഹമ്മദ്, മുഹമ്മദ് സയ്യിദ് എന്നീ നാലു പേരാണ് അറസ്റ്റിലായത്. ഇവരെ പിടികൂടിയതോടെ തെളിവില്ലാതെ കിടന്നിരുന്ന 51 കേസുകൾക്കാണ് തുമ്പുണ്ടാക്കാനായത്.
ജഗത്പുരി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് നമസ്തേ സംഘത്തെ പോലീസ് വലയിലാക്കിയത്. രക്ഷപെടുന്നതിനായി സംഘം ബൈക്കിന് തീവച്ചുവെങ്കിലും രക്ഷപെടാനായില്ല.
വ്യത്യസ്തമായ മോഷണരീതി കൊണ്ടാണ് നമസ്തേ ഗ്യാങ് എന്ന പേര് സംഘത്തിന് വീണത്. യാത്രക്കാരുടെ അടുത്തെത്തി ചെറുപുഞ്ചിരിയോടെ ഇവര്‍ കൈകൂപ്പി നമസ്തേ പറയും. പരിചയക്കാരാണോ എന്ന തോന്നലില്‍ യാത്രക്കാര്‍ അവർ സഞ്ചരിക്കുന്ന വാഹനം നിർത്തുന്ന സമയം മോഷണം നടത്തി കടന്നുകളയലാണ് സംഘത്തിന്റെ രീതി.