കൊച്ചി: കൊച്ചിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ശുപാര്‍ശ ചെയ്തു. കൊച്ചി കോര്പ്പറേഷന് മേയര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
കൊച്ചിയില്‍ നിയമാനുസൃതമായ സുരക്ഷാ സംവിധാനങ്ങളേര്പ്പെടുത്താതെയാണ് പല വന്‍കിട ഷോപ്പിംഗ് മാളുകളും പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ഒബ്റോണ്‍ മാളില്‍ തീപിടിത്തമുണ്ടായതോടെ ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയേറുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മാളുകളുടെയും മള്‍ട്ടിപ്ലെക്സ് തിയേറ്ററുകളിലെയും സുരക്ഷ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കിയത്.
ഇത് സംബന്ധിച്ച് കത്ത് ഇന്ന് രാവിലെ തന്നെ കളക്ടര്‍ കൊച്ചി മേയര്‍ സൗമിനി ജെയിന് കൈമാറുകയും ചെയ്തു. സിനിപോളിസ് ഉള്‍പ്പെടെയുള്ള മള്ട്ടിപ്ലെക്സുകള്ക്കെതിരെ നടപടിയെടുക്കുന്നതില്‍ കോര്‍പ്പറേഷനും ഉറച്ച നിലപാടിലാണ്. എത്രയും പെട്ടെന്ന് തന്നെ മള്ട്ടിപ്ലെക്സിന്മേല് നടപടിയുണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കി.
നിയമാനുസൃതമായി പ്രവര്‍ത്തിക്കാത്ത സെന്‍ട്രല്‍ സ്ക്വയറിലെ സിനിപോളിസ് തിയേറ്റര്‍ അടച്ചുപൂട്ടാനും കളക്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സിനിപോളിസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്ത്തിവെപ്പിക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം.
സംസ്ഥാന ഓഡിറ്റ് വകുപ്പും സിനിപോളിസിനെതിരെ നടപടികള്‍ കൈകൊള്ളുന്നതിന് കോര്പ്പറേഷന് തടസ്സങ്ങളൊന്നുമില്ലെന്ന നിലപാടിലാണ്.