മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. . അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ഡോക്ടര്‍മാരില്ല. പഠിപ്പിക്കാന്‍ ആവശ്യത്തിന് അധ്യാപകരുമില്ല. രോഗികള്‍ക്ക് കടുത്ത ദുരിതം. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അവസ്ഥയാണിത്. മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കുന്ന പിജി വിദ്യാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഒടുവിലാണ് അനിശ്ചിതകാല സമരവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. സര്‍ജറി വിഭാഗത്തില്‍ 19 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് മൂന്നു പേര് മാത്രമാണുള്ളത്. അതിലൊരാള്‍ താത്കാലികവും. പല വിഷയങ്ങളും പഠിപ്പിക്കാന്‍ പ്രൊഫസര്‍മാരില്ല. രോഗികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളുമില്ല. ഗുരുതര രോഗമുള്ളവരെപ്പോലും തറയില്‍ കിടത്തുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റേണ്ട ഗതികേട്. ഇത്തരം പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കരിച്ചില് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്കുന്നു.