ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ ഓപ്പറേഷൻ ക്ലീൻ മണി. കള്ളപ്പണം തടയിടുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ഓപ്പറേഷൻ ക്ലീൻ മണിയെന്ന പുതിയ ബെബ് സൈറ്റ്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് വെബ്സൈറ്റ് നിർമിച്ചത്.
കള്ളപ്പണത്തിന് തടയിടുന്നതിനുള്ള നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെബ്സൈറ്റ്. സൈബർ നെറ്റ് വർക്കിൽ ഇ ഫയലിംഗ് സംവിധാനത്തെ കൊണ്ടുവന്ന് അതിന് നിയമ സാധുത നൽകുന്നതാണ് പദ്ധതി. സത്യസന്ധമായി നികുതി അടയ്ക്കുന്നവർക്ക് ഏറെ ഉപയോഗ പ്രദമാണ് ഈ വെബ്സൈറ്റ്.
നികുതി അടയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ ഓൺലൈനായി നൽകാൻ കഴിയും എന്നതാണ് ഓപ്പറേഷൻ ക്ലീൻ മണിയുടെ പ്രത്യേകത. കള്ളപ്പണ ഇടപാട് നടത്തുന്നവർ ഏതു നിമിഷവും പിടിയിലാകാമെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യവെ ജെയ്റ്റ്ലി പറഞ്ഞു.
പുതിയ വെബ്സൈറ്റ് തുടങ്ങുന്നതിന് മുന്നോടിയായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നടത്തിയ അന്വേഷണത്തിൽ 91 ലക്ഷം നികുതി അടയ്ക്കാത്തവരെ കണ്ടെത്തിയിട്ടുണ്ട്. പുതിയ പദ്ധതി വന്നതോടെ സത്യസന്ധമായി നികുതി അടയ്ക്കുന്നവർക്ക് നടപടി ക്രമങ്ങൾ വളരെ ലളിതമാകും.