കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൊച്ചി നഗരത്തിലെ 1528 കുടുംബങ്ങള്‍ക്ക് വീടുനല്കുന്നു. പദ്ധതിയുടെ പകുതി വിഹിതമായ 23 കോടിയോളം രൂപയാണ് കേന്ദ്രവിഹിതമായി ലഭ്യമാകുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ഗുണഭോക്താവും സംയുക്തമായാണ് കണ്ടെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഏറ്റെടുക്കാന്‍ രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും തയാറായതാണ് നഗരസഭാ പരിധിയിലെ ഭവനരഹിതര്‍ക്ക് തുണയാകുന്നത്. ഇതിലൂടെ 1528 കുടുംബങ്ങള്‍ക്കാണ് വീടൊരുങ്ങുന്നത്. 3 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതമായും ബാക്കി തുക സംസ്ഥാന സര്‍ക്കാരും നഗരസഭയും ഗുണഭോക്താവുംതുല്യ വിഹിതമായി നല്‍കുന്നതാണ് പദ്ധതി.
45 കോടി 84 ലക്ഷം രൂപയാണ് പദ്ധതി തുക. ഇതില്‍ 22 കോടി 92 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാരാണ് അനുവദിച്ചിട്ടുള്ളത്. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിബന്ധനയില്‍ കേരളത്തിനു മാത്രമായി കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുള്ള ഇളവും പദ്ധതിക്ക് ഏറെ പ്രയോജനകരമായതായാണ് വിലയിരുത്തല്‍.
പദ്ധതി തുക 4 ഗഡുക്കളായാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ആദ്യ ഗഡുവിന്റെ വിതരണോത്ഘാടനം കെ.വി തോമസ് എം.പി നിര്‍വഹിച്ചു.