കൊച്ചി : ഫിഫ അണ്ടര്‍ 17ലോകകപ്പ് ഫുട്ബോള്‍ വേദിയായ കൊച്ചിയിലെ ഒരുക്കങ്ങള്‍ മെയ് 15 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണന്നും മന്ത്രി അറിയിച്ചു.
അണ്ടര്‍ 17ഫുട്ബോള്‍ ലോകകപ്പിനുള്ള കൊച്ചിയിലെ സ്റ്റേഡിയങ്ങളുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും നിര്‍മ്മാണത്തില്‍ ഫിഫ അധികൃതരും കേന്ദ്ര കായിക മന്ത്രിയും നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.മെയ് 15നുള്ളില്‍ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് അവസാനമായി സംസ്ഥാനത്തിന് സമയം അനുവദിച്ചിരുക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കായിക വകുപ്പ മന്ത്രി എ സി മൊയ്തീന് കൊച്ചിയില്‍ എത്തിയത്.
കലൂര്‍ സ്റ്റേഡിയത്തില്‍ പുല്ല് നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി.കസേരകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം 2 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.മഹാരാജാസ് കോളേജ് ഗ്രൗണ്ട് അടക്കമുള്ള മറ്റു സ്റ്റേഡിയങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച സമയംകൊണ്ട്് പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടൂര്‍ണമെന്റിന് മുന്നോടിയായി കൊച്ചി നഗരത്തെ സൗന്ദര്യവത്കരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.വിവിധ വകുപ്പുകളുടെ സഹായത്തോടെയാകും പ്രവര്‍ത്തനങ്ങള്‍.ഈമാസം അവസാനം സംഘാടക സമിതി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു