യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ മൊണോക്കോയ്ക്കെതിരെ യുവന്റസിന് ജയം. ഗോൺസാലോ ഹിഗ്വയ്ന് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ, മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസിന്റെ ജയം.
29ആം മിനിറ്റിലും, 59 ആം മിനിറ്റിലുമായിരുന്നു മൊണോക്കോ പോസ്റ്റിൽ ഹിഗ്വയിൻ നിറയൊഴിച്ചത്. 29-ാം മിനിറ്റിൽ ഡാനി ആൽവെസ് നല്കിയ ബാക്ക് ഹീൽ പാസിൽ നിന്നാണ് ഹിഗ്വയ്ന് ആദ്യ ഗോൾ നേടിയത്.
59 മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. അതിനായി ഹിഗ്വയ്ന് വഴിയൊരുക്കിയതും ആൽവെസ് തന്നെ. മൊണോക്കോ പ്രതിരോധ നിരക്ക് മുകളിലൂടെ വലത് വിങ്ങില്‍ നിന്ന് ആൽവെസ് തൊടുത്തുവിട്ട പന്ത് ഹിഗ്വയിൻ വലയിൽ എത്തിക്കുകയായിരുന്നു.
എതിരാളികളുടെ തട്ടകമായിരുന്നിട്ടും പന്ത് കയ്യടക്കം വെക്കുന്നതിലടക്കം വ്യക്തമായ ആധിപത്യത്തോടെയാണ് യുവന്റസ് മത്സരത്തെ നേരിട്ടത്.
എന്നാൽ ക്വാർട്ടറിൽ ജർമന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോർട്ട്മുണ്ടിനെതിരെ 6-3 ന്റെ ആധികാരിക ജയം നേടിയ മൊണോക്കോയ്ക്ക് സെമി ഫൈനലിലെ ആദ്യ ചുവട് വെപ്പിൽ തന്നെ പിഴച്ചു.