ന്യൂഡൽഹി: പുതിയ റെയിൽവേ പദ്ധതിക്കായി ഒഡിഷ സർക്കാർ മുന്നോട്ടു വച്ച പദ്ധതി; അവതരണത്തിനു ശേഷം വെറും മൂന്നു മിനിട്ടിനുളളിൽ അംഗീകാരം നൽകി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് സമർപ്പിച്ച പദ്ധതിറിപ്പോർട്ടാണ് മൂന്നാം മിനിട്ടിൽ അംഗീകാരം നൽകി മന്ത്രി റിക്കോർഡിട്ടത്. അതും ട്വിറ്ററിൽ.
പുരി-കൊണാർക്ക് റൂട്ടിൽ പുതിയ ഒരു റെയിൽവേ ലൈനിനായുളള പ്രൊപ്പോസൽ നവീൻ പട്നായിക് മുന്നോട്ടു വയ്ക്കുന്നത് രാത്രി 10.05നാണ്. കൃത്യം 10.08നു തന്നെ ഇത് അംഗീകരിച്ചുകൊണ്ടുളള സുരേഷ് പ്രഭുവിന്റെ മറുപടിയുമെത്തി. പദ്ധതിയുടെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയിൽ പുതിയ റെയിൽവേ ലൈൻ വളരെയേറെ പ്രയോജനം ചെയ്യുമെന്ന് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തിന്റെ പങ്കാളിത്തം പദ്ധതി ചിലവു തിരിച്ചു പിടിക്കുന്നതിൽ 20 ശതമാനം വർദ്ധനയുണ്ടാക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.