കാസർകോട്: ഐഎസില്‍ ചേര്‍ന്ന മലയാളികളില്‍ നിന്നും വീണ്ടും സന്ദേശമെത്തി. പാലക്കാട് സ്വദേശി യഹിയ എന്ന ബെക്സന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം. കാസർകോട് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരിക്കുന്നത്.
ഇതോടെ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 3 ആയി. കാസർകോട് തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളായ ഹഫീസുദ്ദീന്‍, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അഷ്ഫാഖ് മജീദ് നേരത്തേ സന്ദേശമയച്ചിരുന്നു.
ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് പുതിയ ടെലഗ്രാം സന്ദേശമെത്തിയത്. നേരത്തേ ലഭിച്ച സന്ദേശങ്ങള്‍ സത്യമായതിനാല്‍ പുതിയ സന്ദേശവും അവിശ്വസിക്കേണ്ടതില്ല എന്നാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.