പൂനെ: ഐപിഎല്ലിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. രണ്ടാം വിക്കറ്റിൽ 158 റൺസിന്റെ കൂട്ടുകെട്ടു പടുത്തുയർത്തിയ റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറുമാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ന് ബാംഗ്ലൂർ – ഗുജറാത്തിനെ നേരിടും.
അടിച്ചുതകർത്ത് റോബിൻ ഉത്തപ്പയും, ഗൗതം ഗംഭീറും. 183 റൺസ് വിജയലക്ഷ്യം കൊൽക്കത്ത മറികടന്നത് 11 പന്തുകൾ ബാക്കിവച്ച്.
മികച്ച സ്കോർ പടുത്തുയർത്തിയിട്ടും പ്രതിരോധിക്കാൻ പൂനയ്ക്കായില്ല. രണ്ടാം വിക്കറ്റിൽ ഗംഭീറും ഉത്തപ്പയും 85 പന്തിൽ അടിച്ചുകൂട്ടിയത് 158 റൺസ്. 47 പന്തിൽ ഏഴ് ബൗണ്ടറികളും ആറു സിക്സറുകളുമായി 87 റൺസെടുത്ത ഉത്തപ്പയാണ് കളിയിലെ താരം.
കൊൽക്കത്തയുടെ നായകനായി നൂറാം മത്സരത്തിനിറങ്ങിയ ഗംഭീർ 46 പന്തിൽ 62 റൺസെടുത്തു.
എട്ട് മത്സരങ്ങളിൽ നിന്നും 305 റൺസു നേടിയ ഗംഭീർ ഓറഞ്ച് ക്യാപ് തിരികെപിടിച്ചു.
നായകൻ സ്റ്റീവൻ സ്മിത്തിന്റെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് പൂനെ മികച്ച സ്കോർ പടുത്തുയർത്തിയത്. രഹാനെ 46 ഉം ത്രിപാദി 38 ഉം റൺസ് എടുത്തു.
ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ലയൺസിനെ നേരിടും.