ലഖ്നൗ : ഗോരക്ഷയുടെ പേരിൽ നിയമം കയ്യിലെടുക്കുന്നവരെ ശക്തമായി നേരിടാൻ ഉത്തർ പ്രദേശ് ഡിജിപിയുടെ നിർദ്ദേശം .ഇത്തരം സംഘങ്ങളെ യാതൊരു കാരണവശാലും വച്ചു പൊറുപ്പിക്കരുതെന്നാണ് പുതുതായി ചാർജെടുത്ത ഡിജിപി സുൽഖൻ സിംഗ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
ആന്റി റോമിയോ സ്ക്വാഡിനും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പൂവാലന്മാരെ അറസ്റ്റ് ചെയ്യാതെ മാതാപിതാക്കളെ അറിയിച്ചതിനു ശേഷം വിട്ടാൽ മതിയെന്നാണ് നിർദ്ദേശം . കമിതാക്കളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ചെയ്യുന്ന പ്രവർത്തനം കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ആന്റി റോമിയോ സ്ക്വാഡ് കമിതാക്കളെ ഉപദ്രവിക്കുന്നെന്ന് പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഡിജിപി യുടെ കർശന നിർദ്ദേശം . ഗോ രക്ഷയുടെ പേരിൽ ആക്രമണം നടത്തുന്നതായും ആരോപണം ഉയർന്നിരുന്നു . ഇതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കാനാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.