ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അമൂല്യ സ്വത്തുക്കളുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തണം എന്ന ആവശ്യം ശകതമാകുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണങ്ങള്‍ അടക്കം പഴയ രീതിയിലാണ് തിട്ടപ്പെടുതിയിരിക്കുന്നത്.
അതിനാല്‍ ആശയകുഴപ്പം ഒഴിവാക്കാന്‍ സ്വത്തുക്കള്‍ ഒരു ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കണം എന്നാണ് വിശ്വാസികളുടെയും ക്ഷേത്ര ഉപദേശകസമിതിയുടെയും ആവശ്യം.
കണക്കില്‍ പെടുന്നതും പെടാത്തതുമായ അമൂല്യ ശേഖരമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരുടെ കീഴിലുള്ള മറ്റു എല്ലാ ക്ഷേത്രത്തിലെയും സ്വര്‍ണം ഇവിടെ തന്നെയാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഇതിന്റെ സുരക്ഷയ്ക്ക് ഒപ്പം കണക്കിന്റെ കാര്യത്തിലും ഭക്തര്‍ക്ക് ആശങ്കയാണ്. കാരണം പഴയ രീതിയിലാണ് ഇവിടുത്തെ മൂല്യങ്ങള്‍ തിട്ടപ്പെടുതിയിരിക്കുന്നത്.
ഇതു പലതവണ വലിയ ആശയകുഴപ്പത്തിനും ഇടവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കൈ എടുത്തു കണക്കുകള്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കണം എന്നാണ് ഉപദേശകസമിതിയുടെ ആവശ്യം.
അല്ലെങ്കില്‍ ഭാവിയില്‍ ഇതു വലിയ ദോഷം ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.