ന്യൂഡൽഹി: ഡൽഹിയിലെ വിജയം പ്രധാനമന്ത്രിയിലും കേന്ദ്രസക്കാരിലുമുള്ള വിശ്വാസത്തിന്റെ തെളിവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു. അതേസമയം തോൽവിക്ക് ഇത്തവണയും വോട്ടിംഗ് യന്ത്രത്തെ പഴിചാരുകയാണ് ആം ആദ്മി പാർട്ടി.
പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഡൽഹി തെരഞ്ഞെടുപ്പ് വിജയമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾക്കുള്ള അംഗീകാരമാണിത്. ആംആദ്മി പാർട്ടിയുടെ നെഗറ്റീവ് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തോൽവിക്ക് വോട്ടിംഗ് യന്ത്രത്തെ പഴി ചാരുന്ന പതിവ് പല്ലവിയാണ് ആംആദ്മി പാർട്ടി സ്വീകരിച്ചത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചതാണ് പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് നേതാക്കൾ ആരോപിച്ചു.
അതേസമയം വിജയത്തിൽ ബിജെപിയെ അനുമോദിച്ച് ആംആദ്മി പാർട്ടി മുൻ നേതാവ് യോഗേന്ദ്ര യാദവ് രംഗത്തെത്തി. വോട്ടിംഗ് യന്ത്രങ്ങളെ പഴിക്കുന്നത് ശരിയല്ലെന്നും പാർട്ടിയുടെ സ്ഥാപകരിൽ ഒരാൾ കൂടിയായ അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും വിജയം സുഖ്മയിൽ വീരമൃത്യു വരിച്ച സൈനികർക്ക് സമർപ്പിക്കുന്നതായും ബിജെപി ഡൽഹി ഘടകം അദ്ധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു.