ഇടുക്കി: മന്ത്രി എം.എം മണിയ്ക്കെതിരെ നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം തകര്‍ക്കാന്‍ സി.പി.എം ശ്രമം. സമരത്തില്‍ പങ്കെടുത്താല്‍ ജോലിയും കൂലിയും ഇല്ലാതാക്കുമെന്നാണ് തോട്ടം തൊഴിലാളികളായ സത്രീകളോട് സി.ഐ.ടി.യു നേതാക്കളുടെ ഭീഷണി.
മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തോടെയാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വീണ്ടും സമരവുമായി എത്തിയത്. തൊഴില്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു പൊമ്പിളൈ ഒരുമൈയ്ക്ക് നേതൃത്വം നല്കിയ ഗോമതി അടക്കമുളളവര്‍ രംഗത്തെത്തി.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായി. ഇത് മനസ്സിലാക്കിയതോടെ സമരം അടിച്ചമര്‍ത്താന്‍ സി.പി.എം ഇടപെടുകയായിരുന്നു. സമരത്തിനിറങ്ങിയാല്‍ പണി കളയുമെന്നായിരുന്നു തോട്ടം തൊഴിലാളികളായ സി.ഐ.ടി.യു നേതാക്കളുടെ ഭീഷണി..
ഭീഷണി ഭയന്ന് ഭൂരിഭാഗം സത്രീകളും സമരത്തിന് എത്തിയുമില്ല. ഇതോടെ പൊമ്പിളൈ ഒരുമൈയുടെ സമരം പരാജയമാണെന്ന് സി.പി.എം പ്രചരിപ്പിച്ചു. എന്നാല്‍ ഭീഷണി വകവയ്ക്കാതെ പ്രതിഷേധം തുടര്‍ന്ന ഗോമതി അടക്കമുളളവര്‍ സി.പി.എം നീക്കം പൊളിച്ചു. സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരാഹാരമിരിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചതോടെ സി.പി.എം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി എന്തു നിലപാടു സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.