പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ കൺക്ലൂഷന് റിലീസിനൊരുങ്ങി. ബാഹുബലിയിലെ വിസ്മയക്കാഴ്ചകൾ രണ്ടാം ഭാഗത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഈ മാസം 28 ന് തീയറ്ററുകളിലെത്തും.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഇറങ്ങിയപ്പോൾ മുതലുള്ള കാത്തിരിപ്പിനാണ് ഈ മാസം 28 ന് തിരശ്ശീല വീഴുന്നത്. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി, സസ്പെൻസ് നിലനിർത്തി ബാഹുബലി ആദ്യ ഭാഗം അവാസാനിച്ചെങ്കിൽ, ബാക്കികഥ ബാഹുബലി ദ കൺക്ലൂഷൻ പറയും.
കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യവുമായാണ് ഓരോ പ്രേക്ഷകനും തീയറ്ററിൽ എത്തുക. യുദ്ധ രംഗങ്ങളാണ് മറ്റൊരു പ്രതീക്ഷ.
ബാഹുബലിയുടെ അണിയറ പ്രവർത്തകർ തന്നെയാണ് എസ്.എസ്.രാജമൗലി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പിന്നാമ്പുറത്തും. പ്രഭാസ്, റാണാ ദഗ്ഗുപതി, സത്യരാജ്, അനുഷ്ക ഷെട്ടി, തമന്ന, രമ്യാ കൃഷ്ണൻ തുടങ്ങിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. 250കോടി രൂപ മുതൽമുടക്കിലാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കൂറ്റൻ സെറ്റുകളും, അത്യുഗ്രൻ വിഷ്വൽ എഫ്ക്ടസ് സാങ്കേതിക വിദ്യയും ഏറെ ശ്രദ്ധേയമാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 6500ലേറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
180കോടി രൂപ ചെലവിൽ നിർമ്മിച്ച ബാഹുബലിയുടെ ആദ്യ ഭാഗം കളക്ഷൻ റെക്കോർഡുകളെ ഭേദിച്ച് 650 രൂപ കോടി രൂപ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ഭാഗം റിലീസിന് മുൻപേ, വിതരണാവകാശം കോടിക്കണക്കിന് രൂപയ്ക്ക് വിറ്റ് ലാഭം നേടിയെന്നും റിപ്പോർട്ടുകളുണ്ട്.