ഇടുക്കി: മൂന്നാറിന്റെ പരിസര പ്രദേശങ്ങളില്‍ നടന്നിട്ടുളള കയ്യേറ്റങ്ങളെ മൂന്നാറിലെ കയ്യേറ്റങ്ങളായി കണക്കാക്കരുതെന്ന് മൂന്നാര്‍ നിവാസികള്‍. പളളിവാസലിലിലും ചിന്നക്കനലിലും മാങ്കുളത്തുമൊക്കെ അനധികൃതമായിട്ടുളള നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും വന്‍തോതില്‍ നടന്നിട്ടും എല്ലാം മൂന്നാര്‍ എന്ന പേരിലേക്ക് ഒതുങ്ങുകയാണെന്നും മൂന്നാര്‍ നിവാസികള്‍ പറയുന്നു.
ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമെന്നറിയപ്പെട്ടിരുന്ന മൂന്നാര്‍ ഇന്ന് കയ്യേറ്റക്കാരുടെ ഇടമെന്നാണ് അറിയപ്പെടുന്നത്. മൂന്നാറിനെ ഭൂമാഫിയ കീഴടക്കിയതോടെ വന്‍കിട കെട്ടിടങ്ങളും അനധികൃത നിര്‍മ്മാണങ്ങളും മൂന്നാറിനെ വേഗത്തിലാണ് കീറി മുറിച്ചത്. നിലവില്‍ കയ്യേറ്റം എന്ന് പറയുന്നവരൊക്കെയും മൂന്നാറിലെ കയ്യേറ്റം എന്നാണ് പറയുന്നത്. എന്നാല്‍ സമീപ പ്രദേശങ്ങളായ പള്ളിവാസല്‍ , ചിന്നക്കനാല്‍, മാങ്കുളം ബൈസണ്‍വാലി തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍കിട കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും നടന്നിട്ടുണ്ടെങ്കിലും അതും മൂന്നാര്‍ കയ്യേറ്റം എന്ന പേരിലേക്ക് മാറിയിരിക്കുകയാണെന്നും രണ്ടും രണ്ടു രീതിയില്‍തന്നെ കാണണമെന്നുമാണ് മൂന്നാര്‍ നിവാസികള്‍ പറയുന്നത്.
കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഏറ്റവും കൂടുതലായി നടന്നിട്ടുള്ളത് പളളിവാസല്‍ പഞ്ചായത്തിലാണെന്നും സൂര്യനെല്ലി, ചിന്നക്കനാല്‍ മേഖലകളിലെ സി.എച്ച്.ആര് ഭൂമികളില്‍ വന്‍കിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതായും അത്തരം കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും മൂന്നാറിലേക്ക് മാത്രം ശ്രദ്ധതിരിയുമ്പോള്‍ തിരിച്ചറിയാതെ പോകരുതെന്നും മൂന്നാര്‍ ജനത അഭിപ്രായപ്പെട്ടു.