കോട്ടയം: കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്റെ ക്ഷണമുണ്ടായിട്ടും തിരികെ യു.ഡി.എഫിലേക്കില്ലെന്ന തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍.
നിലവില്‍ യു.ഡി.എഫിലേക്ക് മടങ്ങേണ്ട സാഹചര്യമില്ല എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. ധൃതിപിടിച്ചൊരു തീരുമാനത്തിന് പാര്‍ട്ടി നേതൃത്വം മുതിരില്ല. ചരല്‍ക്കുന്ന് സമ്മേളനത്തിലെടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കേരള കോണ്‍ഗ്രസിന് ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ലെന്ന പാര്‍ട്ടി ചെയര്മാന് കെ.എം മാണിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്തെന്ന് പറഞ്ഞുകൊണ്ടാണ് എം.എം ഹസന് മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചത്. എന്നാല്‍ പിന്തുണ നല്‍കിയത് യു.ഡി.എഫിനല്ലെന്നും മുസ്ലീം ലീഗിനാണെന്നും മാണി പല തവണ എടുത്തുപറഞ്ഞു.
കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരികെക്കൊണ്ടുവരാനുളള നീക്കത്തോട് വരും നാളുകളില്‍ മാണിഗ്രൂപ്പ് എന്ത് നിലപാട് സ്വീകരിക്കും എന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.