ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് . ഡൽഹി മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്.
മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അർവിന്ദർ ലവ്ലിയും ഡൽഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് മാലിക്കുമാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഡൽഹി ഘടകം ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്.
ഷീല ദീക്ഷിത് മന്ത്രിസഭയിലെ അംഗമായിരുന്ന അർവിന്ദർ സിംഗ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. അതേ സമയം പിസിസി അദ്ധ്യക്ഷൻ അജയ് മാക്കനെതിരെ ശക്തമായ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തെത്തി . അജയ് മാക്കന്റെ നേതൃത്വത്തിന്റെ കുഴപ്പമാണ് നേതാക്കൾ പാർട്ടി വിടുന്നതിന്റെ കാരണമെന്ന് അവർ കുറ്റപ്പെടുത്തി.